

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലസ്ഥാന കോർപ്പറേഷനിലെ സ്ഥാനാർത്ഥി ചർച്ചകൾ മൂന്ന് മുന്നണികളിലും സജീവമായി. കോർപ്പറേഷൻ ഭരണം പിടിക്കുക എന്നത് മൂന്ന് മുന്നണികൾക്കും അഭിമാന പ്രശ്നമാണ്.
എൽ.ഡി.എഫ്: സി.പി.എമ്മും സി.പി.ഐയും
സി.പി.എം. വാർഡുതലത്തിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക നേരത്തേ തയ്യാറാക്കിയിരുന്നു. വാർഡുകളിൽ മാറ്റം വന്നതോടെ ഘടകകക്ഷികളുമായുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ 17 സീറ്റുകളുണ്ടായിരുന്ന സി.പി.ഐ. ഒരു സീറ്റ് അധികം ആവശ്യപ്പെട്ടിട്ടുണ്ട്.
മേയർ സ്ഥാനത്തേക്ക്: സി.പി.എമ്മിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖർ:
പ്രാഥമിക പട്ടികയിൽ എസ്.പി. ദീപക്, എസ്.എ. സുന്ദർ, മുൻ മേയർ കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു, ആർ.പി. ശിവജി, ജയിൽകുമാർ എന്നിവരുടെ പേരുകളാണുള്ളത്. എന്നാൽ മുൻ എം.പി. കൂടിയായ എ. സമ്പത്തിൻ്റെ പേരും മേയർ പട്ടികയിൽ ചർച്ചയിലുണ്ട്. മുതിർന്ന നേതാവിനെ ഭരണത്തിലേക്ക് കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തിനും താൽപര്യമുണ്ട്.
യു.ഡി.എഫ്: സീറ്റുവിഭജനം കീറാമുട്ടി
ഇത്തവണ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കെ. മുരളീധരനാണ് ചുക്കാൻ പിടിക്കുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചകൾ ഇപ്പോഴും തർക്കമായി തുടരുന്നു. മുസ്ലിം ലീഗ് 10 വാർഡുകളിലും,ആർ.എസ്.പി.5 വാർഡുകളിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
10 വാർഡുകളിലേക്ക് ചുരുങ്ങിയ യു.ഡി.എഫിന് ശക്തമായി തിരിച്ചുവരണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണ്.കെ.എസ്. ശബരീനാഥൻ, മണക്കാട് സുരേഷ്, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവരടക്കമുള്ളവരുടെ പേരുകൾ ചർച്ചയിലുണ്ടെങ്കിലും, മുതിർന്ന പല നേതാക്കളും കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സന്നദ്ധരല്ല.
ബി.ജെ.പി: മേയർ സ്ഥാനത്തേക്ക് പുതിയ മുഖങ്ങൾ?
ബി.ജെ.പിക്ക് കോർപ്പറേഷനിൽ 70 വാർഡുകളിൽ ശക്തമായ സാന്നിധ്യമുണ്ട്. ഇതിൽനിന്നാണ് 51 വാർഡുകളിൽ വിജയിച്ച് ഭരണം പിടിക്കാൻ ലക്ഷ്യമിടുന്നത്. മുൻ ജില്ലാ പ്രസിഡൻ്റും കൗൺസിലറുമായ വി.വി. രാജേഷ്, കരമന അജിത്ത്, എം.ആർ. ഗോപൻ, വി.ജി. ഗിരികുമാർ തുടങ്ങിയവരെല്ലാം വീണ്ടും മത്സരരംഗത്തുണ്ടാകും.മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെയോ മറ്റ് പുതുമുഖങ്ങളെയോ മുതിർന്ന നേതാക്കളെയോ കൊണ്ടുവരണോ എന്നതു സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. നിലവിലെ വനിതാ കൗൺസിലർമാർ അടക്കമുള്ള സംഘത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടായിരിക്കും ബി.ജെ.പി. സ്ഥാനാർഥി നിർണയം നടത്തുക.