തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ് അവ ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ 'എസ്എഫ് ടെക്നോളജി' നൽകുന്ന സംവിധാനം ഉപയോഗിച്ചാണെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.(From Apple Phone to MRI Scanner, P Rajeev describes Kerala's industrial progress)
ലോകപ്രശസ്തമായ ജി.ഇ കമ്പനിയുടെ എംആർഐ സ്കാനിങ് മെഷീനുകൾ നിർമ്മിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ മെഡിക്കൽ ഡിവൈസ് വ്യവസായത്തിന്റെ 24 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാണ കമ്പനിയും, ഏഷ്യയിലെ ഒന്നാമത്തെ കൃത്രിമ പല്ല് നിർമ്മാണ കമ്പനിയും കേരളത്തിൽ പ്രവർത്തിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ നിർമ്മിക്കുന്ന കമ്പനികൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് ഉടയുന്നത് വലിയ വാർത്തയാക്കുന്നവർ ഇത്തരം വ്യവസായ നേട്ടങ്ങളെ കാണുന്നില്ലെന്ന് മന്ത്രി വിമർശിച്ചു.