കൊച്ചി: കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി സിജോയാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സിജോ ഫ്രാൻസിയുടെ വീട്ടിലെത്തി മദ്യപിച്ചത്. ഇതിനിടയിൽ കടം കൊടുത്ത പൈസ ഫ്രാൻസി തിരികെ ചോദിക്കുകയും തുടർന്ന് മദ്യലഹരിയിൽ സിജോയുടെ തലക്ക് കോടാലി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
സിജോ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം രാത്രി അയൽവാസിയോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. ഉടനെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.