കോഴിക്കോട്: സംഘർഷത്തെ തുടർന്ന് താത്കാലികമായി അടച്ചിട്ട താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. പോലീസ് സുരക്ഷ പൂർണ്ണമായി ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്ലാന്റ് പ്രവർത്തനം പുനരാരംഭിക്കുകയുള്ളൂ.(Fresh Cut Waste Plant will not open today, it will be open after ensuring safety)
ഇതുമായി ബന്ധപ്പെട്ട് പ്ലാന്റ് ഡയറക്ടർമാരുടെ യോഗം ഇന്ന് ചേരും. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറൽ മാനേജർ യൂജിൻ ജോൺസൺ അറിയിച്ചു. കൂടുതൽ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ യോഗത്തിന് ശേഷം തീരുമാനമെടുക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (DLFMC) തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് വീണ്ടും പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്.
കലക്ടർ മുന്നോട്ട് വെച്ച ഏഴ് ഇനം ഉപാധികളിൽ പ്രധാനപ്പെട്ടത്, പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം എന്നതാണ്.
അതേസമയം, സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച സമരം ഇന്ന് മുതൽ വീണ്ടും തുടങ്ങുമെന്ന് പ്ലാന്റിനെതിരായ സമരസമിതി വ്യക്തമാക്കി. പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.