കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.(Fresh Cut Waste Plant Controversy, Prohibitory order for 7 days)
നാലോ അതിലധികമോ ആളുകൾ ഒരുമിച്ചു കൂടുന്നതിനും പ്രതിഷേധങ്ങളോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ പ്രദേശങ്ങളിൽ പൂർണ്ണ വിലക്കുണ്ട്. നിരോധനാജ്ഞ ബാധകമാക്കിയ പ്രധാന മേഖലകൾ പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലുള്ള റോഡിൻ്റെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷൻ്റെ 100 മീറ്റർ ചുറ്റളവ് എന്നിവയാണ്.
നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. നിരോധനാജ്ഞ പരിധിയുടെ പുറത്തുള്ള അമ്പലമുക്ക് എന്ന സ്ഥലത്ത് പന്തൽ കെട്ടി ഇന്ന് മുതൽ സമരം തുടങ്ങാൻ സമരസമിതി തീരുമാനിച്ചു.
ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. അറവ് മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.