കോഴിക്കോട്: താമരശ്ശേരിയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (ഡിഎല്‍എഫ്എംസി)യുടേതാണ് തീരുമാനം.
പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണില്‍ നിന്നും 20 ആയി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകീട്ട് ആറ് മുതല്‍ 12 വരെ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും പഴകിയ അറവു മാലിന്യങ്ങള്‍ പ്ലാന്റില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.
സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍പരിശോധന നടത്തും.ദുര്‍ഗന്ധം പരമാവധി കുറയ്ക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൗണ്‍സില്‍ ഓഫ് സയിന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ (എന്‍ഐഐഎസ്ടി) സഹായത്തോടെ പഠനം നടത്തുകയും അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും.നിബന്ധനകളില്‍ വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേ സമയം, ഫ്രഷ് കട്ട് സംഘർഷത്തിൽ ആകെ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്.
സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.