കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍. കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാറാണ് കസ്റ്റഡിയിലായത്.
കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താമരശ്ശേരി പൊലീസിന്റേതാണ് നടപടി. ഇതോടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം 13 ആയി.
അതേ സമയം, ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രുപീകരിക്കാൻ തീരുമാനിച്ചു. കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
മാലിന്യ സംസ്കരണ പ്ലാന്റ് തത്കാലം തുറക്കില്ല. സമിതിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനം എടുക്കും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും സമിതി. നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകി.