കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം പരാജയപ്പെട്ടു. ഫാക്ടറി തുറക്കാൻ ഉടമകളേയും സമരസമിതിയേയും ഒരുമിച്ചിരുത്തി ചർച്ച വേണമെന്ന് എൽഡിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരത്തിനുള്ള കൃത്യമായ നിർദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് വ്യക്തമാക്കി. എന്നാൽ മാലിന്യ പ്രശ്നം പരിഹരിക്കാതെ ഫാക്ടറി തുറക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികൾ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേർന്ന് ചർച്ച നടത്താനാവില്ലെന്നും അവർ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിപ്പട്ടിക പൊലീസ് പുറത്ത് വിടണമെന്നും അനാവശ്യമായി എല്ലാ വീടുകളും കയറുന്നത് അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അതേ സമയം, അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരം വിജയം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകന്‍ എം എന്‍ കാരശേരി. സമരക്കാര്‍ പൊരുതുന്നത് പണത്തോടാണെന്നും അക്രമം നടത്തിയത് ആരെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ പണിയാണ്.
'ബാഹ്യ ശക്തികള്‍ എന്ന് പറഞ്ഞാല്‍ പോര. കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത പൊലീസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവില്‍ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലീസ് നരനായാട്ടില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എം എന്‍ കാരശേരി പറഞ്ഞു.