കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടന്ന സദാചാര ആക്രമണത്തിൽ നിയമ നടപടിയുമായി കേരള ലളിതകലാ അക്കാദമി. ഫ്രഞ്ച് കലാകാരിയായ ഹനാൻ ബനാമറിന്റെ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞവർക്കെതിരെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകും.(French artist's installation torn down at Kochi Durbar Hall Art Gallery)
ദർബാർ ഹാളിൽ 'അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ' എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായിരുന്നു ഹനാൻ ബനാമറിന്റെ ഇൻസ്റ്റലേഷൻ. ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിട്ടാണ് മലയാളി കലാകാരനായ ഹോചിമിൻ ആക്രമണം നടത്തിയത്. കലാപ്രവർത്തകനായ സുധാംശുവും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലിനോകട്ടുകൾ കീറിയെറിയുന്നതിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ലളിതകലാ അക്കാദമിയുടെ പ്രതികരണം
ഉള്ളടക്കത്തിൽ അശ്ലീലമുണ്ടെന്ന ആരോപണത്തിന്, മുന്നറിയിപ്പോടെയാണ് പ്രദർശനം നടത്തിയത് എന്നാണ് ലളിതകലാ അക്കാദമിയുടെ മറുപടി. നോർവേയിൽ താമസമാക്കിയ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് കൂടിയായ ഫ്രഞ്ച് കലാകാരിയാണ് ഹനാൻ ബനാമർ. ജീവിതത്തിൽ താൻ നേരിട്ട അധിക്ഷേപങ്ങളാണ് 'ഗോ ഈറ്റ് യുവർ ഡാഡ്' എന്ന ഇൻസ്റ്റലേഷനിൽ അവർ പ്രമേയമാക്കിയത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റിയ ശേഷം പ്രിൻ്റ് മേക്കിങ് രീതിയായ ലിനോകട്ട് ഉപയോഗിച്ച് റൈസ് പേപ്പറിൽ ഒരുക്കിയ ഇൻസ്റ്റലേഷനാണിത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന 'അശ്ലീല ഭാഷ' എന്ന് ആരോപിച്ചാണ് ഹോചിമിൻ ഇത് കീറിയെറിഞ്ഞത്.
തീവ്രവലതുപക്ഷക്കാരിൽ നിന്ന് ഹനാൻ നേരിട്ട വിദ്വേഷ പ്രസ്താവനകൾ ചേർത്ത് സിൽക്കിൽ തീർത്ത 'ദ് നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ' എന്ന ഇൻസ്റ്റലേഷനും പ്രദർശനത്തിന്റെ ഭാഗമായുണ്ട്.
ഹനാൻ്റെ പ്രതികരണം
ഉള്ളടക്കത്തെപ്പറ്റിയുള്ള വിയോജിപ്പുകളിൽ ചർച്ചയാകാമായിരുന്നുവെന്ന് ഹനാൻ ബനാമർ പ്രതികരിച്ചു. വിയോജിപ്പുണ്ടെങ്കിൽ നേരിട്ട് അറിയിക്കാമായിരുന്നു. ഇൻസ്റ്റലേഷനെപ്പറ്റി ആരും ഇതുവരെ വിയോജിപ്പുകൾ പറഞ്ഞിട്ടില്ല. ഉള്ളടക്കത്തിൽ വിയോജിപ്പുകൾ ഉള്ളവരുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞവർ വിയോജിപ്പോ പരാതിയോ ലളിതകലാ അക്കാദമിയെ അറിയിച്ചിരുന്നില്ലെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും പ്രതികരിച്ചു.