പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാർ ; ഇത്തരം വേതാളങ്ങളുടെ ആക്രമണം തന്നോട് വേണ്ട ; സൈബര്‍ ആക്രമണത്തിനെതിരെ വിമർശനവുമായി സിന്ധു ജോയ് | Sindhu joy

ചെ ഗുവേരയുടെ മുഖ ചിത്രമൊക്കെയായി സൈബര്‍ ഇടത്തില്‍ എത്തുന്നവര്‍ക്കെതിരെ നിയമത്തിന്റെ ഏത് അറ്റം വരെയും പോകും.
sindhu joy
Published on

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ താന്‍ നിരന്തരം നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സിന്ധു ജോയ് രംഗത്ത്. ഇടതുപക്ഷത്തിന്റേത് എന്ന മുഖംമൂടിയണിഞ്ഞ്, ചെ ഗുവേരയുടെ മുഖ ചിത്രമൊക്കെയായി സൈബര്‍ ഇടത്തില്‍ വേതാളങ്ങളുടെ ആക്രമണം തന്നോട് വേണ്ടെന്ന് സിന്ധു തന്റെ കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

സിന്ധു ജോയുടെ ഫേസ്‌ബുക്ക് കുറിപ്പ് ........

നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ ഈ കുറിപ്പ്.

രണ്ടു കാരണങ്ങളായിരുന്നു അതിന് പിന്നിൽ. ബ്രിട്ടീഷ് സിവിൽ സർവീസിലെ ഓഫീസർ എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടാനുള്ള പരിമിതി ആയിരുന്നു പ്രധാനകാരണം. വർഗീയമായും രാഷ്ട്രീയമായും പരസ്പരം പാഴ്വാക്കെറിഞ്ഞ് ആത്മരതിയടയുന്ന മുഖമില്ലാത്ത ഒരുകൂട്ടരുടെ ലാവണമായി സോഷ്യൽ മീഡിയ താഴ്ന്നടിഞ്ഞു പോയതാണ് രണ്ടാമത്തെ കാരണം.

പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ, പകൽ വെളിച്ചത്തിൽ മുഖം കാണിക്കാത്ത ചില സൃഗാലസന്തതികൾ ഒറ്റയ്ക്കും തെറ്റയ്ക്കും എന്റെ പേരു പറഞ്ഞ് ഇടയ്ക്കിടെ അപശബ്ദം കേൾപ്പിക്കും. ആദിത്യനെന്നും റഫീഖ് എന്നും ചില പെൺപേരുകളിലും ഇത്തരം വേതാളങ്ങളുടെ പ്രൊഫൈൽ അവതാരങ്ങൾ. ഇവരോടൊക്കെ പ്രതികരിക്കണോ എന്ന് ചോദിച്ചേക്കാം; ക്ഷമയ്ക്കുമില്ലേ ഒരു പരിധിയൊക്കെ?

സഖാവ് ചെ ഗുവേരയുടെ മുഖചിത്രമൊക്കെ വച്ചാണ് കഴിഞ്ഞദിവസങ്ങളിലൊന്നിൽ ഇത്തരമൊരു വ്യാജന്റെ അരങ്ങേറ്റം. ഇടതുപക്ഷം എന്ന മുഖംമൂടി അണിഞ്ഞാണ് ആ അഴിഞ്ഞാട്ടമെന്നതാണ് സങ്കടകരം. ബോധപൂർവം ചിലകേന്ദ്രങ്ങളിൽ രൂപപ്പെടുന്ന ചില നെറികെട്ട ഇടപെടലുകളാണ് ഇതെന്ന തിരിച്ചറിവിലാണ് ഇപ്പോൾ എൻ്റെ ഈ പ്രതികരണം.

എന്നെ പരിചയപ്പെടുത്താൻ അയാൾ ഉപയോഗിച്ച വിശേഷണങ്ങൾ അപാരം! "സ്വയം നഷ്ടപ്പെടുത്തി മേൽവിലാസം ഇല്ലാതെ പോയവൾ, ആരും ശ്രദ്ധിക്കപ്പെടാതെ ഭൂലോകത്തിന്റെ ഏതോ കോണിൽ കഴിയുന്നവൾ", അങ്ങനെയങ്ങനെ...എന്റെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരിയുമായ കബനി ആണ് ഇതെന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഒരു പൊട്ടിചിരിയിൽ പ്രതികരണം അവസാനിപ്പിക്കാനാണ് ആദ്യം ഞാൻ ആലോചിച്ചത്.

മുഖം നഷ്ടപ്പെട്ട ചില വികലജന്മങ്ങൾ ആ പോസ്റ്റിനടിയിൽ കമന്റിട്ടും അർമാദിക്കുന്നത് കണ്ടു; വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ കമന്റുകൾ. ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ഒരുമ്പെടുന്നവരോട് ഒന്നേ പറയാനുള്ളൂ; നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും. പൊതുരംഗത്തുനിന്ന് മാറിനിൽക്കുന്ന ഒരു സ്ത്രീയോട് പുലർത്തേണ്ട മാന്യത നിങ്ങൾ കാണിക്കുന്നില്ല. അത് നിയമവിരുദ്ധവുമാണ്. എൻ്റെ ഫോട്ടോ ദുരുപയോഗിച്ചത് പോലും ശിക്ഷാർഹമായ കുറ്റം തന്നെ. ഇപ്പോഴും ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന ഒരു വ്യക്തി എന്ന നിലയിൽ ഭരണഘടന ഉറപ്പുനൽകുന്ന നിയമപരിരക്ഷ എനിക്കുണ്ട്.

ഇനി, ആദിത്യന്മാരുടെ അറിവിലേക്കായി ചില കാര്യങ്ങൾ. ഞാൻ എട്ടര വർഷം മുൻപ് അതിസമ്പന്നനായ ഒരു 'പാസ്റ്ററെ' കല്യാണം കഴിച്ച് അമേരിക്കയിൽ കുടിയേറി എന്നതാണ് ഒരു കഥ. വിവാഹസമയത്ത് ഏതോ ഓൺലൈൻ മാധ്യമത്തിൽ വന്ന ഒറ്റവരി വാർത്തയുടെ ചുവടുപിടിച്ചാണ് ആ നരേറ്റീവ്‌. ഒന്നാമത്, എൻ്റെ ഭർത്താവ് പാസ്റ്റർ അല്ല; കത്തോലിക്ക സഭയിലെ ഒരു സാധാരണ വിശ്വാസി മാത്രം. രണ്ടാമത്, ഞങ്ങൾ അതിസമ്പന്നരല്ല, മറിച്ച്, തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാർ. അമേരിക്കയും ബ്രിട്ടനും പോലും തിരിച്ചറിയാത്ത കൂശ്മാണ്ടങ്ങളാണൊ ഇങ്ങനെ കമന്റ് ഇടുന്നത്? ആയിരക്കണക്കിന് മലയാളികൾക്കിടയിലാണ് ഞങ്ങൾ ഈ രാജ്യത്ത് ജീവിക്കുന്നത്; ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ പോരെ?

'ഞാന്‍ പാര്‍ട്ടി വിടാനുണ്ടായ കാരണങ്ങള്‍ പലതുണ്ട്; ഇതിനു മുന്‍പ് പലയിടത്തായി അത് സൂചിപ്പിച്ചിട്ടുമുണ്ട്. ആ ചുവടുമാറ്റത്തിലെ നൈതികതയുടെ പ്രശ്‌നം അപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കുറച്ചേറെ കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. അത്, ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ ഏടുകളില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. മുഖവും വ്യക്തിത്വവുമില്ലാത്ത ഇത്തരം ആദിത്യന്മാരോടാണ്: ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകര്‍ന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എന്റെ ഒരു നേട്ടത്തിനും ആയിരുന്നുമില്ല. അതുകൊണ്ട് സഹോ, തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുത്. ഇത്, സിന്ധു ജോയി ആണ്.'

Related Stories

No stories found.
Times Kerala
timeskerala.com