കൊച്ചി : ആലുവയിൽ വിൽപനയ്ക്കായി എത്തിച്ച 25 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ കൃഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), നന്ദ മാലിക് (35) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്നും കഞ്ചാവുമായി വരുന്ന വഴിയാണ് ഇവർ പിടിയിലായത്. തോൾസഞ്ചിയിൽ പ്രത്യേക പായ്ക്കറ്റിൽ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് ഇവർ കഞ്ചാവ് വിൽപന നടത്തുന്നത്.