
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് ചുമതല. വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി എടുക്കാനും അതിന് പട്ടിക തയ്യാറാക്കാനും തീരുമാനമെടുത്തു. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. വിവിധ സ്റ്റേഷനുകളിലായി സിനിമാ മേഖലയിലെ സ്ത്രീകൾ സമർപ്പിച്ച പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക സംഘത്തിന് കൈമാറണം. ഇത് സംബന്ധിച്ച് എല്ലാ ലോക്കൽ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകി. ഏഴംഗ അന്വേഷണ സംഘത്തിലുള്ള നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കുക.