തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതോടെ, സമാന ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന കേരളത്തിലെ സിറ്റിംഗ് എം.എൽ.എമാരുടെ എണ്ണം നാലായി. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതിനു പുറമെ സി.പി.എമ്മിന്റെ എം. മുകേഷും കോൺഗ്രസ് എം.എൽ.എമാരായ എം. വിൻസെന്റും എൽദോസ് കുന്നപ്പള്ളിയും ബലാത്സംഗ കേസുകളിൽ വിചാരണ നേരിടുകയാണ്.(Four sitting MLAs facing sexual harassment cases in Kerala)
അയൽവാസിയായ 51 കാരി നൽകിയ ബലാത്സംഗ കേസിലാണ് വിൻസെന്റ് വിചാരണ നേരിടുന്നത്. 2017 ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അറസ്റ്റിലായ വിൻസെന്റിനെതിരെ ആ വർഷം അവസാനം തന്നെ നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപിക നൽകിയ കേസിലാണ് എൽദോസ് കുന്നപ്പള്ളിക്കെതിരെ കുറ്റപത്രം നിലവിലുള്ളത്. 2022-ൽ എൽദോസ് പല തവണ പീഡിപ്പിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു.
ചലച്ചിത്ര താരമായിരിക്കെ ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണങ്ങളിൽ രണ്ട് ലൈംഗിക പീഡന കേസുകളിലാണ് മുകേഷിനെതിരെ കുറ്റപത്രം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്നാണ് ഈ വർഷം കുറ്റപത്രം നൽകിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.