

കുമളി: കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്താൻ ശ്രമിച്ച 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ട് മക്കളും ഉൾപ്പെടെ നാലുപേർ തമിഴ്‌നാട് പോലീസിൻ്റെ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണൻ, ബില്ലി രാമ ലക്ഷ്മി, മകൻ ദുർഗ്ഗ പ്രകാശ്, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൻ എന്നിവരാണ് കമ്പം പോലീസിൻ്റെ പിടിയിലായത്.വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമളിക്ക് സമീപം തമിഴ്‌നാട് പോലീസ് ആഡംബര കാറിൽ എത്തിയ കുടുംബത്തെ തടയുകയായിരുന്നു.
ഒരേ കുടുംബത്തിലുള്ളവരാണെങ്കിൽ സംശയം തോന്നില്ലെന്ന ധാരണയിലാണ് ഇവർ ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ട്രാവൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.കണ്ടെത്തിയ കഞ്ചാവിന് അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.
അവധിക്കാലം ആഘോഷിക്കാൻ വന്നതാണെന്നും, കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും പ്രതികൾ മൊഴി നൽകി.കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.