വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണം സംബന്ധിച്ച വിവാദങ്ങളിൽ മറുപടിയുമായി ടി. സിദ്ദിഖ് എംഎൽഎ. പദ്ധതിയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും 2026 ജനുവരി 10-നകം വീടുകൾക്ക് തറക്കല്ലിടുമെന്നും അദ്ദേഹം വ്യക്തമാക്കി. (Foundation stone will be laid by January 10, T Siddique MLA on construction of houses for Wayanad disaster victims)
കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28-ന് തന്നെ തറക്കല്ലിടൽ നടക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ എന്ന് നടക്കും എന്നതിനേക്കാൾ അത് പൂർത്തിയാക്കുക എന്നതാണ് പ്രധാനം. വീട് നിർമ്മാണത്തിനായി പത്ത് ഏക്കർ ഭൂമി ഇതിനോടകം വാങ്ങിക്കഴിഞ്ഞു. ഇതിന്റെ ബാക്കി നടപടികൾ പൂർത്തിയാക്കി വരികയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
സി.പി.എം സൈബർ ഹാൻഡിലുകൾ വഴി നടത്തുന്ന കള്ളപ്രചരണങ്ങൾ അതിജീവനത്തിന്റെ പോരാട്ടത്തെ ബാധിക്കില്ല. ഇത് പാവപ്പെട്ടവർക്കായുള്ള കോൺഗ്രസിന്റെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഡിസംബർ 28-ന് വീട് നിർമ്മാണം ആരംഭിക്കുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നു.