പരപ്പനങ്ങാടി : പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെറിയമുണ്ടം തലക്കടത്തൂർ നീലിയത്ത് വേർക്കൽ ഫിറോസിനെയും (51) ഭാര്യ റംലത്ത് (മാളു- 43) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിക്കാരിയും ചെറിയമുണ്ടം സ്കൂൾ റിട്ട. അധ്യാപികയുടേതാണ് പരാതി.
പൂർവ വിദ്യാർഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു ശിഷ്യന്റെ പരിചയം പുതുക്കൽ നടന്നത്. തുടർച്ചയായി വീട്ടിലെത്തി സൗഹൃദം നിലനിർത്തുകയും ചെയ്തു. തനിക്ക് പക്ഷാഘാതം നേരത്തെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റി. ഇതിന് ശേഷം സ്വർണ്ണ ബിസിനസിനായി ഒരു ലക്ഷം ആവശ്യപ്പെട്ടു. 4000 രൂപ പലിശ നൽകാമെന്നും പറഞ്ഞു അധ്യാപികയിൽ നിന്ന് തുക കൈപ്പറ്റി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി തിരികെ നൽകി പ്രതി ‘സത്യസന്ധത’യും തെളിയിച്ചു.
പിന്നീട് അധ്യാപിക മൂന്ന് ലക്ഷം രൂപ നൽകി. ഇതിന് 12,000 രൂപ പലിശയായി നൽകിയെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു. ഇങ്ങനെ ആകെ 27,50,000 അധ്യാപികയുടെ കയ്യിൽ നിന്നും ഇവർ വാങ്ങി.പി ന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വർണം ആവശ്യപ്പെട്ടതോടെ ബാങ്കിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നൽകി. സ്വർണം കൈക്കലാക്കി തിരൂരിലെ ഒരു ബാങ്കിൽ പണയം വെച്ചു. പിന്നീട് ഇവർ ഇത് വിറ്റു.
പിന്നീട് ഫിറോസിന്റെ ഫോൺ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് താൻ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്.മാസങ്ങളോളം ഫിറോസിന്റെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. ഫിറോസ് കർണാടകയിലെ ഹാസനിൽ ആർഭാടമായി ജീവിക്കുന്നുവെന്ന് വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഒരു ദർഗ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഫിറോസിന്റെ ആഡംബര വാഹനം കണ്ടെടുത്തതോടെയാണ് പ്രതി വലയിലായത്.
ബുധനാഴ്ച രാത്രി ഇരുവരെയും പിടികൂടി വെള്ളിയാഴ്ച രാവിലെയോടെ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിച്ചു. ഫിറോസിനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. റംലത്തിന് അറസ്റ്റ് നോട്ടീസ് നൽകി. വിശ്വാസ്യത ഉറപ്പ് വരുത്താനാണ് ഭാര്യയെ ഒപ്പം കൂട്ടിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തു.