കോട്ടയം: കടുത്തുരുത്തി മുൻ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.(Former MLA PM Mathew passes away)
1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കേരള കോൺഗ്രസിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന അദ്ദേഹം ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനൊപ്പമാണ് നിലകൊണ്ടത്.
മികച്ച സംഘാടകനും ജനകീയ നേതാവുമായിരുന്ന പി.എം. മാത്യു, കടുത്തുരുത്തിയുടെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് വഹിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.