കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.(Former Minister VK VK Ebrahim Kunju passes away)
ഭൗതികദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ പത്ത് മണിയോടെ ആലങ്ങാട് നടക്കും. ഇന്ന് വൈകിട്ട് 6:00 മണിക്ക് കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതുദർശനം. ഇന്ന് രാത്രി പൊതുദർശനത്തിന് ശേഷം ഭൗതികശരീരം വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9:00 മണിക്ക് വസതിയിൽ നിന്നുള്ള വിലാപയാത്ര ആരംഭിക്കും. നാളെ രാവിലെ 10:00 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
മുസ്ലിം ലീഗിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ മുഖങ്ങളിലൊരാളായിരുന്നു അദ്ദേഹം. രണ്ട് തവണ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ശ്വാസകോശ അർബുദത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം മുസ്ലിം ലീഗിന്റെ മുൻനിര നേതാവായി വളർന്നു. നാല് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ലും 2006-ലും മട്ടാഞ്ചേരിയിൽ നിന്നും, 2011-ലും 2016-ലും കളമശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. മട്ടാഞ്ചേരി മണ്ഡലത്തിലെ അവസാന എംഎൽഎയും കളമശ്ശേരി മണ്ഡലത്തിലെ ആദ്യ എംഎൽഎയുമാണ് അദ്ദേഹം.
2005 - 2006ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. 2011 - 2016ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നാഷണൽ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.