തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും. സിപിഐയുടെ പ്രതിനിധിയായാണ് പുനലൂർ സ്വദേശിയായ കെ. രാജുവിനെ ബോർഡിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. അദ്ദേഹം നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്.(Former Minister K Raju to become member of Travancore Devaswom Board)
ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎം കെ. ജയകുമാറിനെ തീരുമാനിച്ച പശ്ചാത്തലത്തിൽ, ബോർഡിലെ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്കാണ് സിപിഐ എത്തിയത്. ഇതിനെ തുടർന്നാണ് മുൻപ് പരിഗണിച്ചിരുന്ന പേര് മാറ്റി കെ. രാജുവിനെ തിരഞ്ഞെടുക്കാൻ സിപിഐ തീരുമാനിച്ചത്.
നിലവിൽ കെ. ജയകുമാർ പ്രസിഡന്റായാൽ, സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്ന വിളപ്പിൽ രാധാകൃഷ്ണൻ കൂടി ദേവസ്വം ബോർഡ് അംഗമായാൽ ഒരേ സമുദായത്തിൽ നിന്നുള്ളവർ ബോർഡിൽ എത്താൻ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു. ഇതിനെ തുടർന്നാണ് വിളപ്പിൽ രാധാകൃഷ്ണനെ മാറ്റി കെ. രാജുവിനെ പരിഗണിക്കാൻ സിപിഐ തീരുമാനിച്ചത്. കെ. രാജുവിനെ ദേവസ്വം ബോർഡ് അംഗമായി തീരുമാനിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തിറങ്ങും.