
ബിഗ് ബോസ് ഫാമിലി വീക്കിൽ ആദിലയെയും നൂറയെയും കാണാനെത്തിയത് മുൻ മത്സരാർത്ഥികളായ ദിയ സനയും ജാസ്മിനും. ഇരുവരുടെയും വീടുകളിൽ നിന്ന് ആരും എത്തിയില്ല. ബിബി ഹൗസിലെത്തിയ ദിയ സന ഇരുവർക്കും ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു.
ഷാനവാസ്, ആദില, ദിയ സന, അനുമോൾ, നൂറ എന്നിവർ ചേർന്ന് സംസാരിക്കുന്നതാണ് വേദി. ഇതിനിടെ ‘കൃത്യസമയത്ത് മരുന്ന് കഴിച്ച് കിടന്നുറങ്ങൂ’ എന്ന് ഷാനവാസിനോട് ദിയ പറയുന്നു. തുടർന്നാണ് ‘എല്ലാവരും ഒറ്റയ്ക്കൊറ്റക്ക് ഗെയിം കളിക്കണം’ എന്ന് ദിയ പറയുന്നത്. ഇതിനിടെ ഷാനവാസിനോട് മീശ പിരിക്കാനും ദിയ സന ആവശ്യപ്പെടുന്നു.
“നൂറയ്ക്ക് ട്രസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടൊക്കെയുണ്ട്. അതനുസരിച്ച് ഇവൾ ചെയ്തോളും. നീ എല്ലാവരെയും ട്രസ്റ്റ് ചെയ്യുന്ന ആളാണ്. അതുകൊണ്ട്, നമ്മൾ അനുഭവിച്ച പാസ്റ്റ് ഇമോഷൻസ് വച്ചിട്ട് ഇതിനകത്ത് കളിക്കുന്ന ആൾക്കാരെ കാണരുത്. ഇത് വെറുമൊരു ഗെയിം മാത്രമാണ്.”- ദിയ സന ആദിലയോട് പറയുന്നു.
ബിബി ഹൗസിൽ ഇതുവരെ ആറ് പേരുടെ വീട്ടിൽ നിന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയത്. ആദ്യ ദിവസം ഷാനവാസിൻ്റെയും അനീഷിൻ്റെയും കുടുംബമാണ് ബിബി ഹൗസിൽ എത്തിയത്. ഷാനവാസിൻ്റെ വീട്ടിൽ നിന്ന് മകളും ഉമ്മയും വന്നപ്പോൾ അനീഷിൻ്റെ അമ്മയും സഹോദരനും ഹൗസിലെത്തി. അന്ന് തന്നെ ബിന്നിയുടെ ഭർത്താവ് നൂബിൻ ജോണിയും ബിഗ് ബോസ് ഹൗസിൽ വന്നു. നൂറ നൽകിയ ഫാമിലി കാർഡ് ഉപയോഗിച്ച് നൂബിന് ഒരാഴ്ച ബിഗ് ബോസ് വീട്ടിൽ നിൽക്കാനുള്ള അനുവാദമുണ്ട്.
രണ്ടാം ദിവസമായ ഇന്നലെ അക്ബർ ഖാൻ, സാബുമാൻ, ആദില – നൂറ എന്നിവരുടെ പ്രിയപ്പെട്ടവർ വന്നു. അക്ബറിൻ്റെ ഉമ്മയും ഭാര്യയും വന്നപ്പോൾ സാബുമാൻ്റെ അച്ഛനും അമ്മയുമാണ് എത്തിയത്.