ആലപ്പുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ കോൺഗ്രസ് സ്ഥാനാർഥി ബി.ജെ.പി. മുൻ പഞ്ചായത്തംഗത്തെ വീടുകയറി ആക്രമിച്ചതായി പരാതി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തൻകുളങ്ങര ഡിവിഷനിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയ ശ്രീനാഥ് ആണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.(Former BJP woman panchayat member attacked at home, Congress candidate in custody)
തെക്കേക്കര 18-ാം വാർഡ് മുൻ മെമ്പർ, ലക്ഷ്മിപുരം വീട്ടിൽ രമണി ഉണ്ണിക്കൃഷ്ണനെയും ഇവരുടെ ബന്ധു അനിൽകുമാറിനെയും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ആക്രമിച്ചത്. മദ്യപിച്ചെത്തിയ ശ്രീനാഥ് രമണി ഉണ്ണിക്കൃഷ്ണന്റെ വീടിന്റെ ജനാല ചില്ലുകൾ ആദ്യം അടിച്ചു തകർത്തു. തുടർന്ന് രമണിയെ മർദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ അനിൽകുമാറിനെയും ഇയാൾ മർദ്ദിച്ചു.
പരിക്കേറ്റ രമണി ഉണ്ണിക്കൃഷ്ണനും അനിൽകുമാറും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് പോലീസ് ശ്രീനാഥിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശ്രീനാഥിന്റെ പക്കൽനിന്ന് ഒരു എയർഗൺ പിടിച്ചെടുത്തതായി മാവേലിക്കര എസ്.എച്ച്.ഒ. ശ്രീജിത്ത് അറിയിച്ചു. ശ്രീനാഥ് നേരത്തെ സി.പി.ഐ.(എം.) നേതാവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു.