കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ടികെ രത്‌നകുമാര്‍. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുക.
പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് ലഭിക്കുന്ന വിവരം.എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടംവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്‌നകുമാര്‍. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചത്.ശ്രീകണ്ഠാപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ സ്വദേശിയാണ് രത്‌നകുമാര്‍. നിലവില്‍ കണ്ണൂരിലാണ് താമസിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോട്ടൂര്‍ വിജയം ഉറപ്പുള്ള വാര്‍ഡാണ്.
അതേ സമയം, ടികെ രത്‌നകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വിമർശിച്ച് യുഡിഎഫ് നേതാവ് പി ടി മാത്യു രംഗത്തെത്തി. എല്‍ഡിഎഫ് പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയായി. നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചു. രത്‌നകുമാറിന്റെ സ്ഥാനാര്‍ഥിത്വം കേസ് അട്ടിമറിക്കുന്നതാണ് തെളിയിക്കുന്നത്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്തതിനുള്ള പ്രതിഫലം. നീതിന്യായ വ്യവസ്ഥയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുന്ന സമീപനം. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു മരണം ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു