കണ്ണൂർ: കൊട്ടിയൂർ ഓടൻതോട് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ മലമാനിന് വനപാലകർ തുണയായി. കൊമ്പിന് താഴെയുണ്ടായ മുറിവിൽ പുഴുക്കൾ അരിച്ചതിനെത്തുടർന്ന് അസഹ്യമായ വേദനയനുഭവിച്ച മലമാൻ മണിക്കൂറുകളോളം പുഴവെള്ളത്തിൽ കിടക്കുകയായിരുന്നു.(Forest guards rescue mountain deer found helpless in river)
ആറളം ഗ്രാമപഞ്ചായത്തിലെ അയ്യപ്പക്ഷേത്രത്തിന് പിന്നിലുള്ള ഓടൻതോട് പുഴയിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മാനിനെ കണ്ടെത്തിയത്. കൊട്ടിയൂർ റേഞ്ചിലെ കീഴ്പ്പള്ളി, മണത്തണ സെക്ഷനുകളുടെ അതിർത്തിയിലാണ് ഈ പ്രദേശം. വെള്ളത്തിൽ മാൻ കിടക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും സ്ഥലത്തെത്തി.
ഏകദേശം നാലു വയസ്സ് പ്രായം തോന്നിക്കുന്ന ആൺ മലമാനിന്റെ ഇടത് കൊമ്പിന്റെ താഴ്ഭാഗത്ത് നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. വനപാലകർ നടത്തിയ പരിശോധനയിൽ മുറിവേറ്റ ഭാഗത്ത് ഈച്ച മുട്ടയിട്ട് പുഴുക്കൾ പെരുകിയ നിലയിൽ കണ്ടെത്തി. വനപാലകർ തന്നെ നേരിട്ട് മാനിനെ ശുശ്രൂഷിച്ചു. മുറിവിലെ പുഴുക്കളെ നീക്കം ചെയ്ത ശേഷം മരുന്ന് വെച്ച് കെട്ടി പ്രാഥമിക ചികിത്സ നൽകി. സാധാരണയായി കൊമ്പ് പൊഴിക്കുന്ന സമയത്ത് മുറിവുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുണ്ടായ മുറിവാകാം പുഴുക്കൾ അരിക്കാൻ കാരണമെന്ന് കരുതുന്നു.