കാസർകോട് : ഹോട്ടലിൽ നിന്നും വരുത്തിയ ഷവർമ കഴിച്ച 15 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടികൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കൾ രാത്രി 10.30 ഓടെ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നുള്ള ഷവർമ കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
കഴിച്ചയുടൻ കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവുമുണ്ടായി. പഴകിയ ഷവർമയാണ് ഹോട്ടലുകാർ നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളംവച്ചു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ആരോഗ്യ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഷവർമ വിതരണംചെയ്ത ഹോട്ടലിലെ ഭക്ഷണ സാമ്പിളുകൾ പരിശോധനക്കയച്ചു. കുട്ടികൾ കഴിച്ച ഷവർമയിലെ ഇറച്ചിക്ക് ഒരാഴ്ച പഴക്കമുള്ളതായി പരിശോധനയിൽ കണ്ടെത്തി.
ഉണങ്ങിയ കുബ്ബൂസുകളിലാണ് ഷവർമ ഉണ്ടാക്കിയതെന്നും വ്യക്തമായി. ഷവർമക്ക് പഴകിയ കോഴിയിറച്ചി ഉപയോഗിച്ചതാണ് വിഷബാധക്ക് കാരണമെന്ന് സംശയിക്കുന്നു. ചികിത്സയിലുള്ള വിദ്യാർഥികൾ അപകടനില തരണം ചെയ്തിട്ടുണ്ട്.