മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീയിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം സ്വദേശിയായ ദേവരാജിനെയാണ് പോലീസ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്. മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് പ്രതി പോലീസിന് മൊഴി നൽകി. തെളിവ് നശിപ്പിക്കാനായാണ് തീയിട്ട ശേഷം സിസിടിവി ക്യാമറകൾ തകർത്തതെന്നും ഇയാൾ സമ്മതിച്ചു.(Food factory fire incident, Suspect arrested from Tamil Nadu)
സംഭവത്തിന് ശേഷം ഒളിവിൽ പോയ ദേവരാജിനെ തമിഴ്‌നാട്ടിലെ ട്രിച്ചിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 20-നാണ് ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് മനഃപൂർവം തീയിട്ടതാണെന്ന് കണ്ടെത്തി.
പ്രതി വാതിൽ തുറന്ന് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികൾ തകർക്കുന്നതും സി.പി.യു, മോണിറ്ററുകൾ എന്നിവ തള്ളിയിടുന്നതും സോഫ, കസേര, അലമാര തുടങ്ങിയവ ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ ദേവരാജ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
നാല് യുവ സംരംഭകർ ചേർന്ന് ആരംഭിച്ചതാണ് ഈ ഫാക്ടറി. നവംബർ 20-ന് ഉദ്ഘാടനം നടത്താനിരിക്കെയാണ് അക്രമം നടന്നത്. കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം ഏകദേശം 15 ലക്ഷം രൂപയുടെ വസ്തുക്കളാണ് കത്തിനശിച്ചത്.