

കട്ടപ്പന: ഇടുക്കിക്കവല ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു. തിങ്കളാഴ്ച വൈകീട്ട് കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾക്ക് വിളമ്പിയ കപ്പ ബിരിയാണിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടതായി പരാതി ഉയർന്നത്. ഉടമയെ വിവരം ധരിപ്പിച്ച ശേഷം ഭക്ഷണം കഴിക്കാതെ ദമ്പതികൾ മടങ്ങി. സംഭവത്തിൽ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും പഴയ ഭക്ഷണസാധനങ്ങൾ മുഴുവൻ മാറ്റിയിരുന്നതിനാൽ കണ്ടെത്താൻ സാധിച്ചില്ല. അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനാൽ ഉടമക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.