

കോഴിക്കോട്: ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ നടന്ന ഹവാല ഇടപാടിൽ കേരളത്തിലേക്ക് മാത്രം എത്തിയത് 330 കോടി രൂപയുടെ കള്ളപ്പണം എന്ന് ഇൻകംടാക്സ് അന്വേഷണത്തിൽ കണ്ടെത്തൽ. ഇന്തോനേഷ്യയിലേക്ക് പൂവ് കയറ്റുമതിയുടെ മറവിലാണ് ഹവാല പണം അനധികൃതമായി കടത്തിയത്.(Flower exports to Indonesia, Hawala money worth Rs 330 crore reached Kerala)
ഇതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ മുഹമ്മദാലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇൻകംടാക്സ് നോട്ടീസ് നൽകി. കേസിലെ മറ്റൊരു പ്രധാന ഇടപാടുകാരനായ റാഷിദിന് വേണ്ടിയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പൂ കയറ്റുമതിയുടെ മറവിലാണ് കള്ളപ്പണം കേരളത്തിലേക്ക് എത്തിച്ചത്. ഇന്തോനേഷ്യയിൽ നിന്നാണ് പ്രധാനമായും ഹവാല കടത്ത് നടന്നത്. 500-ൽ അധികം മ്യൂൾ അക്കൗണ്ടുകളും (Mule Accounts) 300-ഓളം ക്രിപ്‌റ്റോ വാലറ്റുകളും ഇടപാടുകാർ അനധികൃത പണമിടപാടിനായി ഉപയോഗിച്ചു.
കള്ളപ്പണത്തിന്റെ വിതരണം പ്രധാനമായും നടന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. സൗദിയിൽ ജോലി ചെയ്യുന്ന റാഷിദ് എന്നയാൾക്ക് വേണ്ടിയാണ് നിലവിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ നടന്ന കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇൻകംടാക്സ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്. കേസിൽ കൂടുതൽ പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.