ഏഴ് ജില്ലകളില്‍ മിന്നല്‍ പരിശോധന ; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി |fake oil seized

ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.
oil seized
Published on

തിരുവനന്തപുരം : ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപ്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍കോട് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്. മലപ്പുറം ചെറുമുക്കിലെ റൈസ് & ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു.

വയനാട് നിന്നും 2 സ്റ്റാറ്റ്യൂട്ടറി സാമ്പിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 3 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.

Related Stories

No stories found.
Times Kerala
timeskerala.com