
പത്തനംതിട്ട: അഞ്ചുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഅനീഷ് കുമാർ (44) ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്‌തത്. ടിപ്പർ ലോറി ഡ്രൈവറാണ് അനീഷ്.
മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കഥ പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ലൈംഗികാതിക്രമം സംബന്ധിച്ച് ജൂലൈ 17-ന് ജില്ലാ ശിശു സംരക്ഷണ സമിതിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ ബാലനീതി നിയമപ്രകാരവും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ഇയാൾക്കെതിരെ കോന്നി സ്റ്റേഷനിൽ മറ്റ് ക്രിമിനൽ കേസുകളും നിലവിലുണ്ട്. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. ഈ കേസ് നിലവിൽ പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണയിലാണ്.
2013 ഡിസംബർ 4-ന് പ്രമാടത്ത് മോട്ടോർ സൈക്കിൾ തീവെച്ച് നശിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നിരവധി മോഷണ കേസും ഇയാളുടെ പേരിൽ ഉണ്ട്.
2018 നവംബർ 11-ന് പ്രമാടം സ്വദേശിയായ യുവതിയെ മർദിക്കുകയും ഇടത് ചെവിക്ക് അടിച്ച് മുറിവേൽപ്പിക്കുകയും പറമ്പിലേക്ക് എടുത്തെറിയുകയും ചെയ്ത സംഭനത്തിലും ഇയാൾ പ്രതിയാണ്.ഈ കേസിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.