
കണ്ണൂര്‍: പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി കളുടെ മകനായ ഹാരിത്താണ് മരിച്ചത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്തും കണ്ണിനും കടിയേറ്റ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്‌സിന്‍ എടുത്തിരുന്നു.
നാല് വാക്‌സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരായ സേലം സ്വദേശികളുടെ മകനാണ് ഹാരിത്ത്. ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി സേലത്തേക്ക് കൊണ്ടുപോയി.
കോഴിക്കോട് വീണ്ടും തെരുവ് നായയുടെ ആക്രമണം. തൊട്ടില്‍പാലത്തിനടുത്ത് വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു. പരിക്കേറ്റ തന്‍മയ എന്ന വിദ്യാര്‍ത്ഥിനിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.