കോവളം : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടിയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ.155 കിലോഗ്രാം ചന്ദനത്തടിക്കഷണങ്ങളും കടത്തിന് ഉപയോഗിച്ച വാഹനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മുഖ്യപ്രതിയായ ജയകുമാറാണ് തമിഴ്‌നാട്ടിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ച് കേരളത്തിലെത്തിക്കുന്നത്. ഇയാളുടെ കൂട്ടാളിയായ തമിഴ്‌നാട് സ്വദേശി ജെ. നെഹേമി, സഹായിയായ നെയ്യാറ്റിൻകര സ്വദേശി ബിജുകുമാർ എന്നിവരും പിടിയിലായി.
ഈ സംഘത്തിൽ നിന്ന് ചന്ദനം വാങ്ങി മലപ്പുറം സ്വദേശികൾക്ക് വിൽക്കുന്ന ഇടനിലക്കാരായ കൊല്ലം ഉമയന്നല്ലൂർ സ്വദേശി ഷെഫീക്, കൊല്ലം തെന്മല സ്വദേശി നജീബ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.വനംവകുപിൻ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതിയും വിതരണക്കാരനുമായ മഞ്ചവിളാകം സ്വദേശി ജയകുമാറിനെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം കരിങ്കലിൽ വെച്ച് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസറും സംഘവും ആദ്യം അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത ചന്ദനം കിലോയ്ക്ക് 6000 മുതൽ 7000 രൂപ വരെയുള്ള വിലയ്ക്ക് മലപ്പുറത്തെ സംഘത്തിന് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് വനംവകുപ്പ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു.