
കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസില്‍ അഞ്ചുപേര്‍ പോലീസ് പിടിയിൽ. ഓച്ചിറ മേമന സ്വദേശി രാജപ്പന്‍, ഇയാളുടെ സുഹൃത്ത് അതുല്‍, മറ്റ് മൂന്നുപേര്‍ എന്നിവരാണ് പിടിയിലായത്.
രാജപ്പനും സുഹൃത്തും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് സ്ഥിതീകരിച്ചു. മറ്റ് മൂന്നുപേര്‍ക്ക് കൃത്യവുമായുള്ള ബന്ധം പോലീസ് പരിശോധിക്കുന്നു.രാജപ്പനാണ് സന്തോഷിനെ ആക്രമിക്കാനുള്ള സ്‌ഫോടകവസ്തു നിര്‍മിച്ചു നല്‍കിയത്. ആലപ്പുഴ ജില്ലയില്‍ നിന്നാണ് രാജപ്പനെയും അതുലിനെയും പോലീസ് പിടികൂടിയത്.
2024 നവംബര്‍ 13-ന് പങ്കജ് എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ച സന്തോഷ്. ഇതിന്റെ വൈരാഗ്യമാണോ സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.
വെള്ളനിറത്തിലുള്ള കാറിലെത്തിയ അക്രമിസംഘം സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു അകത്ത് കയറി. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ അടുത്ത മുറിയുടെ വാതിൽ അക്രമികൾ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ത്ത ശേഷം കൈക്കുവെട്ടി.
സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷിനെ സുഹൃത്തെത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അവിടെവെച്ച് മരിക്കുകയായിരുന്നു.