ആലപ്പുഴ: ആലപ്പുഴയിൽ 48 ഗ്രാം എംഡിഎംഎയുമായി ഫിറ്റ്നസ് സെൻ്റർ ഉടമ പിടിയിലായി. നുറനാട് പാലമേൽ സ്വദേശി കൈലാസം വീട്ടിൽ അഖിൽ നാഥ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നുറനാട് പൊലിസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് രാസ ലഹരി പിടികൂടിയത്.
നുറനാട് പടനിലത്ത് ഫിറ്റ്നസ് സെൻ്റർ നടത്തുകയാണ് അഖിൽ നാഥ്. രണ്ട് മാസം മുമ്പ് ഇയാളുടെ ഫിറ്റ്നസ് സെൻ്റർ ട്രെയിനറായിരുന്ന കിരണിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നുറനാട് പൊലീസും ചേർന്ന് പിടികുടിയിരുന്നു. ഫിറ്റ്നസ് സെൻ്ററിൽ എത്തുന്ന യുവാക്കളെയും യുവതികളെയും ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് കബളിപ്പിച്ച് മയക്കുമരുന്നുകൾ കൊടുത്തിരുന്നു.
ഫിറ്റ്നസ് സെൻ്ററിൻ്റെ മറവിൽ ഇയാൾ വൻതോതിൽ രാസലഹരി കച്ചവടം നടത്തിയിരുന്നു. ഫിറ്റ്നസ് സെൻ്ററിൽ സ്ഥിരം പൊയിരുന്ന ചില യുവാക്കൾ മയക്ക് മരുന്ന് ഉപയോഗിച്ച് നുറനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിൽസ തേടിയതായും വിവരമുണ്ട്. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാർടി ഇയാൾ നടത്തിയിരുന്നു.വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിവരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇയാൾ ലഹരി വസ്തുകളുമായി പിടിയിലാകുന്നത്.