കൊല്ലം: കാവനാട് മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. പാചകത്തിനായി ഉപയോഗിച്ചിരുന്ന ഗ്യാസ് ചോർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്.(Fishing boats catch fire in Kollam, 2 boats destroyed)
തീപിടിത്തം ഉണ്ടായ ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടതിനാൽ, കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. തീ അണയ്ക്കുന്നതിനായി ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്. കായലിൻ്റെ നടുഭാഗത്താണ് ബോട്ടുകൾക്ക് തീപിടിച്ചത്.
ഫയർഫോഴ്‌സ് വാഹനം എത്താൻ കഴിയാത്തതിനാൽ, പ്രദേശത്തെ ഐസ് പ്ലാൻ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് നിലവിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നത്. തീപിടിച്ച ബോട്ടുകൾ നിലവിൽ സെൻ്റ് ജോർജ് തുരുത്തിൽ ചെന്ന് അടിഞ്ഞിരിക്കുകയാണ്.