
കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ പുഴയില്‍ നിന്ന് കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിന്റെ ശരീരം തുണിയില്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു.
ജീര്‍ണ്ണിക്കാൻ തുടങ്ങിയ മൃതദേഹത്തിന് ഒരുദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പ്രദേശത്തുകാരല്ലാത്ത മത്സ്യതൊഴിലാളികള്‍ കുഞ്ഞിന്റെ ശരീരം കണ്ട ഉടൻ അടുത്തുള്ള നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം സംഘടിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.