
തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ 23/08/2024 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് നൽകിയിരിക്കുന്ന അറിയിപ്പ്.
ഇന്ന് മുതൽ 24/08/2024 വരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. മൽസ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കണം. അധികൃതരുടെ നിർദേശമനുസരിച്ച് അപകടമേഖലകളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ തയ്യാറാകണം. മോശം കാലാവസ്ഥ കണക്കിലെടുത്ത് കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദങ്ങളും ഒഴിവാക്കേണ്ടതാണ്.