മത്സ്യ ഉൽപ്പാദനം 41000 മെട്രിക്ക് ടണ്ണായി ഉയർന്നു: മന്ത്രി പി പ്രസാദ്

p prasad
Published on

പത്ത് വർഷക്കാലം കൊണ്ട് തീരമേഖലയിൽ വമ്പിച്ച വികസന പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വിഷൻ 2031' ന്റെ ഭാഗമായി മത്സ്യമേഖലയിലെ വികസനാധിഷ്‌ഠിത സെമിനാർ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഫിഷറീസ് വകുപ്പ് ശാസ്ത്രീയമായ മത്സ്യകൃഷി നടപ്പിലാക്കിയത് കൊണ്ട് 2016 ൽ 20,000 മെട്രിക് ടൺ ആയിരുന്ന മത്സ്യ ഉല്പാദനം 2024 ൽ 41,000 മെട്രിക് ടൺ ആയി ഉയർത്താൻ സാധിച്ചു. ഇത് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെയും വകുപ്പിന്റെയും മാതൃകപരമായ ഇടപെടൽ കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി മാറാനും കേരളത്തിന് സാധിച്ചു.

കേരള - യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവിൽ അവതരിപ്പിച്ച 2,057 കോടി രൂപയുടെ ആലപ്പുഴ മറീന പദ്ധതി ജില്ലയുടെ തീരമേഖലയുടെ സംരക്ഷണവും ടൂറിസം പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സർവതല സ്പർശിയായ വികസനത്തിന് വഴിയൊരുക്കും. കടലും കായലും ഉൾപ്പെടെയുള്ള മത്സ്യമേഖലയുടെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

കാലവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിൻ്റെ ഉറവിടങ്ങൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇവയുടെ സംരക്ഷണത്തിന് സർക്കാർ വലിയ രീതിയിലുള്ള ഇടപെടൽ നടത്തുന്നുണ്ട്. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് വിമുക്തമാക്കുവാൻ ഫിഷറീസ് വകുപ്പ്

നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വലിയൊരു മാതൃകയായ പദ്ധതിയാണ്. ട്രംപിന്റെ തീരുവ പ്രഖ്യാപനം മൂലം മത്സ്യ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാർ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു.

എച്ച് സലാം എം എൽ എ അധ്യക്ഷനായി. എം എൽ എ മാരായ പി.പി ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മറ്റു ജനപ്രതിനിധികൾ, സാങ്കേതിക -അക്കാദമിക വിദഗ്ദ്ധർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ, സാമൂഹിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com