'രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണം': നിർണായക വിധിയുമായി ഹൈക്കോടതി | Second marriage

ലിംഗസമത്വം സ്ത്രീയുടെ പ്രശ്നമല്ല, മാനുഷിക പ്രശ്നമാണ് എന്നും കോടതി വിധിയിൽ എടുത്തുപറഞ്ഞു.
First wife's opinion should be sought to register second marriage, High Court issues crucial verdict
Published on

കൊച്ചി: മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലധികം വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും, തദ്ദേശസ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2008-ലെ കേരള വിവാഹ രജിസ്‌ട്രേഷൻ (പൊതുവായി) ചട്ടപ്രകാരമാണ് ഈ നടപടി നിർബന്ധമാക്കിയത്.(First wife's opinion should be sought to register second marriage, High Court issues crucial verdict)

ആദ്യ ഭാര്യ എതിർപ്പ് ഉന്നയിച്ചാൽ, തദ്ദേശ സ്ഥാപനങ്ങൾ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തു നൽകരുത്. രജിസ്‌ട്രേഷന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സിവില്‍ കോടതിയെ സമീപിക്കാൻ നിർദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.

കാസർഗോഡ് തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തുനൽകാത്ത നടപടി ചോദ്യംചെയ്ത് മുസ്ലിം ദമ്പതിമാർ ഫയൽചെയ്ത ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. മുസ്ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളിൽ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും, രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുംമുൻപ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേൾക്കണം. ഇക്കാര്യത്തിൽ മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുന്നത്. 2008-ലെ വിവാഹ രജിസ്‌ട്രേഷൻ ചട്ടത്തിൽ, രണ്ടാം വിവാഹം രജിസ്റ്റർചെയ്യാൻ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസർ ആരായണമെന്ന് വ്യക്തമായി പറയുന്നുണ്ട്.

ഭർത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്ക് അവഗണിക്കാനാകില്ല. അതിനാൽ, വിവാഹബന്ധം നിലനിൽക്കെ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാകില്ല. "ആദ്യവിവാഹം 'തലാഖ്' വഴി വേർപെടുത്തിയതാണെങ്കിൽ ഈ നിബന്ധന ബാധകമാകില്ല," കോടതി കൂട്ടിച്ചേർത്തു.

രണ്ടാമത് വിവാഹം കഴിക്കുമ്പോൾ ആദ്യ ഭാര്യയുടെ അനുമതി വേണമെന്ന് ഖുർആൻ നിർദേശിക്കുന്നില്ലെങ്കിലും, അവരെ അറിയിക്കണം എന്നതിനെ കോടതി എതിർക്കുന്നില്ല. ലിംഗസമത്വം സ്ത്രീയുടെ പ്രശ്നമല്ല, മാനുഷിക പ്രശ്നമാണ് എന്നും കോടതി വിധിയിൽ എടുത്തുപറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com