തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണിത്. ഇതോടെ രാഹുലിനെതിരായ രണ്ട് ബലാത്സംഗ കേസുകളുടെയും അന്വേഷണം ക്രൈംബ്രാഞ്ചിന്റെ കീഴിലായി.(First rape case against Rahul Mamkootathil transferred to Crime Branch)
എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് പ്രധാന അന്വേഷണ ഉദ്യോഗസ്ഥ. രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് പരാതിക്കാരിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.
രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നും, പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചുവെന്നും, ഭയം കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ ഇന്നലെ പാലക്കാട് കുന്നത്തൂർമേടിൽ വോട്ട് ചെയ്യാനെത്തിയിരുന്നു.
ഒളിവിലായിരുന്ന നേതാവ് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടതും, രണ്ട് സുപ്രധാന കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും രാഷ്ട്രീയ-നിയമ രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.