തിരുവനന്തപുരം: നഗരത്തിലൂടെ മാലിന്യവാഹിയായി ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിൽ കാൽതെറ്റി വീണ വയോധികനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ വീണ സോളമനെ ആണ് തിരുവനന്തപുരം യൂണിറ്റിലെ സ്കൂബ ടീം രക്ഷപ്പെടുത്തിയത്.(Firefighters bravely rescue elderly man who fell into Amayizhanchan canal)
ഇന്നലെ വൈകുന്നേരമാണ് റെയിൽവേ സ്റ്റേഷന് സമീപമുള്ള പാലത്തിനടുത്തുകൂടി നടന്നുനീങ്ങുകയായിരുന്ന സോളമൻ അബദ്ധത്തിൽ തോട്ടിലേക്ക് വീണത്. സമീപത്തുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി സാഹസികമായ രക്ഷാപ്രവർത്തനം നടത്തി.
തോടിന്റെ ചെളിയിൽ പുതഞ്ഞ്, അരക്കെട്ട് ഭാഗം വരെ വെള്ളത്തിൽ മുങ്ങി അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. അനങ്ങാൻ പോലും കഴിയാത്ത നിലയിലായിരുന്നു സോളമൻ. കോൺക്രീറ്റ് വിടവിലൂടെ സ്ട്രെച്ചർ, കയർ എന്നിവയുടെ സഹായത്തോടെ തോട്ടിൽ ഇറങ്ങിയ ഫയർഫോഴ്സ് സംഘം സോളമനെ പുറത്തെത്തിച്ചു.
ചെറിയ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വയോധികൻ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞൊഴുകിയിരുന്ന തോട്ടിൽ മഴ മാറിനിന്നതിനാൽ ഇന്നലെ വെള്ളം കുറവായിരുന്നത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി. നേരത്തെ, ഇതിന് സമീപത്തെ തുരങ്കത്തിൽ ഇറങ്ങിയ ശുചീകരണത്തൊഴിലാളി ജോയി കഴിഞ്ഞ വർഷം മുങ്ങിമരിച്ചിരുന്നു.