എറണാകുളം: മേക്കടമ്പിൽ വിറകടുപ്പിൽ നിന്നുള്ള കനലിൽ നിന്ന് തീ പടർന്ന് വീട് പൂർണമായും കത്തിനശിച്ചു. മേക്കടമ്പ് പടിഞ്ഞാറേ മൂത്തേടത്ത് രാജുവിന്റെ വീടാണ് ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഉണ്ടായ അപകടത്തിൽ ഇല്ലാതായത്.(Fire in house in Ernakulam, heavy damage )
പുലർച്ചെ റബർ ടാപ്പിംഗിന് പോകുന്നതിനായി രാജു അടുക്കളയിൽ കാപ്പി ഉണ്ടാക്കിയിരുന്നു. എന്നാൽ അടുപ്പിലെ കനലുകൾ പൂർണമായി അണഞ്ഞിരുന്നില്ല. ഇതിൽ നിന്ന് പുക ഉയർന്ന് അടുപ്പിന് മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിലേക്ക് തീ പിടിക്കുകയായിരുന്നു.
റബർ ഷീറ്റുകളിൽ നിന്ന് തീ വീടിന്റെ മേൽക്കൂരയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും അതിവേഗം പടർന്നു. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.