തിരുവനന്തപുരം: തദ്ദേശവകുപ്പ് ഡയറക്ടറേറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവൻ വളപ്പിൽ വൻ തീപിടിത്തം. കെട്ടിടത്തിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.( Fire breaks out at Swaraj Bhavan, Two government vehicles destroyed)
പുലർച്ചെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. എന്നാൽ ഫയർഫോഴ്സ് എത്തുന്നതിനിടയിൽ തീ ആളിപ്പടരുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന ഒരു പഴയ കാറും, നിലവിൽ ഉപയോഗത്തിലിരുന്ന പുതിയൊരു കാറുമാണ് പൂർണ്ണമായും കത്തിയത്.
തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ മൂന്നാമതൊരു വാഹനത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.