തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.(Fire breaks out at Palode firecracker factory, 4 workers injured)
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. പേരയം താളിക്കുന്നിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ആൻ ഫയർ വർക്ക്‌സിൻ്റെ പടക്ക നിർമ്മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. പാലോട് സ്വദേശി അജികുമാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ യൂണിറ്റ്.
ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഷീബയുടെ നില ഗുരുതരമാണ്. ഓലപ്പടക്കത്തിന് തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നതെന്നാണ് വിവരം.
വിതുര ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിർമ്മാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് പടക്കങ്ങളുടെ സംഭരണ കേന്ദ്രവുമുള്ളത്.