കൊച്ചി: നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ പൊലീസ് കാട്ടുന്ന അമിത ആവേശം ഗുരുതരമായ ക്രമക്കേടുകളിലേക്ക് നീങ്ങുന്നതായി പരാതി. കലൂർ ജങ്ഷനിൽ നടന്ന നിയമലംഘനത്തിന്റെ അതേ ചിത്രം ഉപയോഗിച്ച് കച്ചേരിപ്പടിയിലും വാഹനം ട്രാഫിക് നിയമം ലംഘിച്ചെന്ന് വരുത്തിത്തീർത്ത് ഇരട്ട പിഴ ചുമത്തിയെന്നാണ് ആരോപണം. പാലാരിവട്ടം സ്വദേശി നെറ്റോ തെങ്ങുംപള്ളി ഇതുസംബന്ധിച്ച് സിറ്റി ട്രാഫിക് എസിപിയ്ക്ക് പരാതി നൽകി.(Fined twice using the same picture, man files complaint against traffic police with evidence)
ഡിസംബർ 31-നാണ് പരാതിക്കാരനായ നെറ്റോയ്ക്ക് രണ്ട് ചെലാനുകൾ ലഭിച്ചത്. രാവിലെ 10.02-ന് കലൂർ ജങ്ഷനിൽ സീബ്രാ ലൈൻ ലംഘിച്ചതിന് ആണ് ആദ്യത്തേത്. ഈ കുറ്റം നെറ്റോ സമ്മതിക്കുന്നുണ്ട്. അതേദിവസം ഉച്ചയ്ക്ക് 12.51-ന് കച്ചേരിപ്പടി ജങ്ഷനിലും സീബ്രാ ലൈൻ ലംഘിച്ചു എന്നാരോപിച്ച് ലഭിച്ചതാണ് രണ്ടാമത്തെ പിഴ.
രണ്ടാമത് പിഴ ചുമത്തിയ സമയത്ത് നെറ്റോയുടെ കാർ കച്ചേരിപ്പടിയിലല്ല, മറിച്ച് എം.ജി റോഡിലെ സെന്റർ സ്ക്വയർ മാളിന്റെ പാർക്കിംഗിലായിരുന്നു. ഇതിനുള്ള തെളിവുകളായി പാർക്കിംഗ് രസീതും സമയവും ലൊക്കേഷനും രേഖപ്പെടുത്തിയ ചിത്രങ്ങളും ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
കലൂർ ജങ്ഷനിൽ വെച്ച് പകർത്തിയ അതേ ഫോട്ടോ തന്നെ മറ്റൊരു ലൊക്കേഷന്റെ പേരിൽ വ്യാജമായി ഉപയോഗിച്ചാണ് രണ്ടാമത്തെ ചെലാൻ തയ്യാറാക്കിയതെന്ന് നെറ്റോ ആരോപിക്കുന്നു. ടാർഗറ്റ് തികയ്ക്കാൻ വേണ്ടി പോലീസ് നടത്തുന്ന കൃത്രിമ നടപടിയാണിതെന്നാണ് ആക്ഷേപം.
തമിഴ്‌നാട് രജിസ്ട്രേഷനുള്ള കാറാണ് നെറ്റോ ഉപയോഗിക്കുന്നത്. കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇത്തരത്തിൽ തിരഞ്ഞെടുത്ത് ഇരട്ട പിഴ ചുമത്താൻ ഉദ്യോഗസ്ഥർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടോ എന്ന സംശയവും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. തെളിവുകൾ സഹിതം ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്.