കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനായി മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.
അതേസമയം, അറസ്റ്റിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നും ഇതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും ഷര്‍ഷാദ് ആരോപിച്ചു. പരാതി നല്‍കിയത് സിപിഎം ബന്ധമുള്ള വ്യക്തിയാണ്. തനിക്ക് ഭീഷണിയുണ്ട്. പുറത്തിറങ്ങിയശേഷം വിശദമായ പത്രസമ്മേളനം വിളിക്കും. ഇത് പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമാണ്. പി. ശശിയുടെ ഓഫീസാണ് പ്രധാനമായും ഇതിനുപിന്നില്‍. അല്ലാതെ വേറൊന്നുമല്ല. സെക്രട്ടറിയുടെ മകനെതിരേയുള്ള തന്റെ പ്രശ്‌നം ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കുകയാണെന്നും കോടതിയില്‍ നിന്ന് പോലീസ് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി സ്വദേശികളിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് പൊലീസിന്റെ നടപടി. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് കടലാസ് കമ്പനിയാണെന്ന സംശയത്തിലാണ് പൊലീസ്. കമ്പനിയുടെ സിഇഒ എന്ന പേരിൽ തട്ടിപ്പിന് കൂട്ട് നിന്ന ചെന്നൈ സ്വദേശി ശരവണന് വേണ്ടിയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.