ചെന്നൈ : സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിലാണ് കൊച്ചി പോലീസ് ഇയാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തിക്കും.
കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെൻഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 2023 ലാണ് പണം തട്ടിയത്. വാർഷിക റിട്ടേണും ലാഭവും ഷെയറും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇതേത്തുടർന്ന് രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. കമ്പനി ഡയറക്ടർ ആയ ഷർഷാദ് ഒന്നാം പ്രതിയും സിഇഒ ആയ തമിഴ്നാട് സ്വദേശി ശരവണൻ രണ്ടാം പ്രതിയുമാണ്.
അതേ സമയം, സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച് വിവാദത്തിലായ വ്യവസായിയാണ് ഷെർഷാദ്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാദമായ കത്ത് പുറത്ത് വന്നത്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട് സമീപ കാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണ് ഷെർഷാദ്. കത്ത് ചോർത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരേ ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.