
പത്തനംതിട്ട: കീഴ്‌വായ്പൂരിൽ മോഷണശ്രമത്തിനിടെ ആശാപ്രവർത്തകയായ ലതാകുമാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സുമയ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുമയ്യ, കടുത്ത സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് സുഹൃത്തുകൂടിയായ ലതാകുമാരിയെ ആക്രമിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലതാകുമാരിയും സുമയ്യയും ദീർഘനാളുകളായി സുഹൃത്തുക്കളായിരുന്നു. പലപ്പോഴും ലതാകുമാരിയാണ് സുമയ്യയുടെ കുട്ടികളെ പരിചരിച്ചിരുന്നത്.
ആക്രമണത്തിന്റെ കാരണം
പോലീസ് പറയുന്നതനുസരിച്ച്, സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സുമയ്യയുടെ ലക്ഷ്യം ലതാകുമാരിയുടെ സ്വർണ്ണാഭരണങ്ങളായിരുന്നു.
ആക്രമണം നടക്കുന്നതിന് ഒരു ദിവസം മുൻപ് സുമയ്യ ലതാകുമാരിയോട് ഒരു ലക്ഷം രൂപ കടം ചോദിച്ചു.പണം കൈവശമില്ലെന്ന് ലതാകുമാരി അറിയിച്ചതോടെ, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടെത്തിയ സുമയ്യ, ആഭരണങ്ങൾ പണയം വെക്കാൻ ആവശ്യപ്പെട്ടു. ആഭരണങ്ങൾ നൽകാൻ ലതാകുമാരി തയ്യാറാവാതിരുന്നതോടെ, കൈയിൽ കരുതിയിരുന്ന പിച്ചാത്തി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചു. പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.ലതാകുമാരിയുടെ ശരീരത്തിലേക്ക് തീ പടർന്ന ഉടൻ, കുഞ്ഞിനെയുമെടുത്ത് അടുത്ത വീട്ടിലേക്ക് പോയ സുമയ്യ, ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
പ്രതിയുടെ സാമ്പത്തിക ബാധ്യത
സുമയ്യയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് വൻ സാമ്പത്തിക ബാധ്യതയാണ്. ഭർത്താവറിയാതെ നടത്തിയ ഓഹരി ട്രേഡിങ്ങിലൂടെ 40 ലക്ഷത്തിലധികം രൂപ നഷ്ടപ്പെടുത്തി. ഈ ബാധ്യത തീർക്കാൻ ഓൺലൈൻ ആപ്പുകളിൽ നിന്നും വൻ തുകകൾ വായ്പയെടുത്തിരുന്നു. ഇതിനു പുറമെ, ഭർത്താവറിയാതെ സ്വന്തം സ്വർണാഭരണങ്ങൾ വിറ്റ ശേഷം സമാനമായ മുക്കുപണ്ടങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി.ലതാകുമാരിയുടെ സഹായം ലഭിക്കാതെ വന്നതോടെ, തീകൊളുത്തിയ ശേഷം സ്വർണ്ണാഭരണം കവർന്ന് ബാധ്യത തീർക്കാനായിരുന്നു സുമയ്യയുടെ ശ്രമം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ലതാകുമാരിക്ക് പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതി സുമയ്യ നിലവിൽ റിമാൻഡിലാണ്.