കൊല്ലം: കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് കിടന്ന ബൈക്ക് യാത്രികനായ അയത്തിൽ സ്വദേശി ഗ്ലാഡ് വിൻ ആണ് മന്ത്രിയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത്.(Finance Minister KN Balagopal saves a young man lying bleeding on the road)
എൽ.ഡി.എഫ്. യോഗം കഴിഞ്ഞ് രാത്രി പത്ത് മണിയോടുകൂടി കൊല്ലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് മടങ്ങും വഴിയാണ് മന്ത്രി അപകടം കാണുന്നത്. രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ കണ്ട മന്ത്രി ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. തുടർന്ന് കൺട്രോൾ റൂമിൽ വിളിച്ച് പോലീസിനെ വരുത്തി. യുവാവിനൊപ്പം പോലീസിനെ ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.
ജിമ്മിൽ പോയി മടങ്ങിവരും വഴി ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഗ്ലാഡ് വിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡപകടങ്ങൾ വർധിക്കുന്ന ഈ സമയത്ത്, മന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമായി.