തിരുവനന്തപുരം: തൃശൂരിൽ ജനുവരി 14 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 15-ാം നമ്പർ വേദിക്ക് 'താമര' എന്ന് പേര് നൽകി. നേരത്തെ 'ഡാലിയ' എന്ന് നിശ്ചയിച്ചിരുന്ന വേദിക്കാണ് ഇപ്പോൾ പേര് മാറ്റം വരുത്തിയത്. വിവാദങ്ങളിലേക്ക് പോകാൻ താല്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Finally, the state school festival venue got named after Lotus)
കലോത്സവത്തിനായി ഒരുക്കിയ 25 വേദികൾക്കും പൂക്കളുടെ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ ദേശീയ പുഷ്പമായ താമരയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം ഉയർന്നു. താമര മനഃപൂർവ്വം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച തൃശൂർ ടൗൺഹാളിലേക്ക് താമരപ്പൂക്കളുമായി മാർച്ച് നടത്തിയിരുന്നു.
കലോത്സവം എല്ലാവരുമായി സഹകരിച്ച് ഭംഗിയായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും, വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് താമര എന്ന പേര് ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.