'പാർട്ടിയുമായി ആലോചിച്ച് അന്തിമ തീരുമാനം : വി എസിന് പത്മവിഭൂഷൺ ലഭിച്ച സംഭവത്തിൽ മകൻ | VS Achuthanandan
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സി.പി.എം നേതൃത്വവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മകൻ വി.എ. അരുൺ കുമാർ. ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Final decision after talking to the party, VS Achuthanandan's son on Padma Vibhushan award)
വി.എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളെയും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ പൊതുപ്രവർത്തന ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. പുരസ്കാരം ഔദ്യോഗികമായി കൈപ്പറ്റുന്ന കാര്യത്തിൽ പാർട്ടിയുടെ നിലപാട് പ്രധാനമാണ്. അതിനാൽ സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമേ അന്തിമ നിലപാട് പ്രഖ്യാപിക്കൂ.
നേരത്തെ ഇ.എം.എസ് അടക്കമുള്ള നേതാക്കൾ പത്മ പുരസ്കാരങ്ങൾ നിഷേധിച്ചിരുന്ന പാരമ്പര്യം സി.പി.എമ്മിനുണ്ടായിരുന്നെങ്കിലും, വി.എസിന്റെ കാര്യത്തിൽ പാർട്ടി മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വി.എസിന്റെ കുടുംബം പുരസ്കാരത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അതിൽ പാർട്ടിക്കും സന്തോഷമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുരസ്കാരം സ്വീകരിക്കുന്നതിൽ കുടുംബം എടുക്കുന്ന തീരുമാനത്തിനൊപ്പം പാർട്ടി നിൽക്കുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. ഇതോടെ, പതിറ്റാണ്ടുകളായി പത്മ പുരസ്കാരങ്ങളോട് സി.പി.എം പുലർത്തിയിരുന്ന നിഷേധ നിലപാടിൽ വി.എസിലൂടെ വലിയൊരു മാറ്റം സംഭവിക്കാനാണ് സാധ്യത.
